Monday, December 16, 2013

രചന

വാക്കിടക്കിടെ
ഊര്‍ന്നുപോകുമ്പോള്‍
ഇടംകയ്യാല്‍ വലിച്ചു കേറ്റിയും..
ഓര്‍മ്മ നിലക്കാതെ
ഒലിച്ചിറങ്ങുമ്പോള്‍
പുറംകയ്യാല്‍ തുടച്ചു മാറ്റിയും ..
കാലമോടിവീണുരഞ്ഞേടം
പഴുക്കുമ്പോള്‍
പച്ചിലച്ചാറൊഴിച്ച് നീറ്റിയും..

എഴുതിപ്പോയി,
എത്ര മഷിതണ്ടുരച്ചിട്ടും
മാഞ്ഞു പോകാത്തോരീ കവിത,
ഞാനിനിയിതെന്തു ചെയ്യും?

സ്വപ്നം

രാത്രിയിൽ,
ഒരോർമ്മപ്പിശകിന്‍റെ
കയ്യും പിടിച്ചുറങ്ങാതെ-
യാത്രചെയ്യുന്നുണ്ട് ,
പുലരിയിൽ
പൂക്കാൻ കൊതിക്കുന്ന
പൂക്കൾ!

ഒരു തുള്ളി കണ്ണുനീർ
നനച്ചാൽ മതി,
ഒരു നുള്ളു സ്നേഹം
വളമായ് മതി..
കാലത്ത് കണിയിനി
ഞങ്ങൾ  മാത്രം മതി...
എന്നൊക്കെ ..
തേന്‍ കിനിയുന്നുണ്ട് ..
വാക്കിതളുകളില്‍!




വേനല്‍

നിന്‍റെ ചിരി മാഞ്ഞ രാത്രിയോ,
അമാവാസിയോ?

നിന്‍റെ മിഴിതോരാ പകലോ,
തുലാവര്‍ഷമോ?

നിന്‍റെ കരള്‍ വേവും കാലമോ,
കൊടും വേനലോ...?




ഉദ്യാനപാലകന്‍

എന്‍റെ പനിനീര്‍ ചെടിയിലൊരു
പൂ വിരിഞ്ഞാല്‍,
ഞാനത്
പറിച്ചെടുക്കുകയില്ല!
പൂക്കളില്ലെങ്കില്‍
ഈ തോട്ടമൊരു
പൂന്തോട്ടമാകില്ലല്ലോ ??




ദാഹം

മറന്നുവെച്ചതെന്തോ തിരയുന്നപോലെ
തുടങ്ങിയിട്ടവസാനം , വിശന്ന കുഞ്ഞിന്‍റെ
ആര്‍ത്തിയോടൊട്ടും ബാക്കിവെക്കാതെ,
മുറിഞ്ഞ ചുണ്ട്  ഇനിനീയെന്തു ചെയ്യും?


Saturday, December 7, 2013

ന്റെ ജീവൻ!

ജീവൻ പോയാൽ മരിക്കുമെന്നെല്ലാരും പറയുന്നു...!
എന്നിട്ടുമെന്റെ ജീവന്റെ ജീവനേ..
നീ പോയിട്ടും, ഞാനെന്തേ ചാവാഞ്ഞൂ??


Tuesday, December 3, 2013

ഡ്രൈവിംഗ് സ്കൂള്‍

വിലാസിന്യേച്ചിക്ക്‌
വളരെക്കുറച്ചു നിര്‍ബദ്ധങ്ങളെ ഉണ്ടായിരുന്നുള്ളൂ.
പിള്ളാര് ഉറങ്ങുന്നതിനു മുന്‍പും,
താന്‍ ഉറങ്ങിയതിനു ശേഷവും,
വരരുത്.
കടം പറയരുത്.
പകല് കാണുമ്പോള്‍
കാര്‍ക്കിച്ചു തുപ്പരുത്!
എന്നിട്ടും,
വെറും അഭിസാരികയായ അവരെ,
ഞങ്ങള്‍,
തേടിപ്പോയവരും , ഓടിപ്പോയവരും
വഴിപിഴച്ചവള്‍
എന്ന് വിളിച്ചു!!
 

Thursday, November 28, 2013

തോന്ന്യവാസം..

നീ ഒരു തോന്നലാണു!
എനിക്കു തോന്നുമ്പോഴെല്ലാം
ഉണ്ടാകുന്ന വെറും തോന്നൽ!

നെല്ലിക്ക.

ആദ്യം കയ്ക്കും, പിന്നെ മധുരിക്കും,
പെട്ടിക്കടയിലെ ചില്ലുഭരണിയിൽ
ഉപ്പിലിട്ടു സൂക്ഷിച്ച നിന്റെ സ്നേഹം!

തത്വമസി

അല്ലായിരുന്നെങ്കിൽ, ഇങ്ങനെയൊന്നുമാകുകയേ
ഇല്ലായിരുന്നു നമുക്കിടയിൽ, അതു നീ
അല്ലായിരുന്നെങ്കിൽ, എങ്ങനെയെന്നറിയില്ലയെങ്കിലും!


Tuesday, November 26, 2013

കച്ചിത്തുരുമ്പ്

ഒരു വാക്ക്, പോകുന്നതിന്മുൻപ്, ഒരു വാക്കെങ്കിലും
കുടഞ്ഞിട്ടു തന്നെങ്കിലതിൽപിടിച്ചിരുന്നേനേ,
നിന്റെ മഹാമൗന സാഗരത്തിൽ മുങ്ങിത്താഴാതിരുന്നേനേ..!


Saturday, November 23, 2013

ദേശാടനക്കിളി!!

ചിറകല്ല, പൊഴിച്ചിട്ടതൊരു വർണ്ണ തൂവൽ മാത്രം!
കരയില്ല, കേൾക്കുന്നതൊരു കിളിപ്പാട്ടു മാത്രം!
ചിതയല്ല, എരിയുന്നതൊരു  മിന്നാമിന്നി മാത്രം !!


ബീജ ഗണിതം...

അസ്വസ്ഥ ബീജം  മുളക്കാൻ മടിച്ചിന്നും
തുടരുകയാണു നിൻ ഭൂഗർഭ തടവിൽ ,
നിസ്തുല ജീവന്റെ ഉപവാസ സമരം!

Thursday, November 21, 2013

:)

സ്വാദറിഞ്ഞവരാരും
തിരിച്ചുവന്നിട്ടില്ലായെന്നറിയാമെങ്കിലും,
രുചിച്ചുനോക്കുവാൻ പോവുകയാണിന്നു ഞാൻ,
നിന്റെയീ 'സയനൈഡ്' പ്രണയം!

സൂര്യകാന്തി!

ഒരു സൂര്യൻ അസ്തമിച്ചപ്പോളാണു
ഞാൻ അറിഞ്ഞത്, എന്റെയാകാശത്ത് ,
ഒരായിരം നക്ഷത്രങ്ങൾ ഉണ്ടായിരുന്നെന്ന് !!


വിശ്വാസം, അതല്ലേ എല്ലാം??

തെളിവില്ലാത്തതിനാൽ
ഒന്നും ശ്രമിക്കാത്തവൻ
അവിശ്വാസി!

തെളിവുണ്ടാക്കുവാൻ
എന്നും ശ്രമിക്കുന്നവൻ
വിശ്വാസി!

വെളിവില്ലാത്തതിനാൽ
എന്തും ശ്രമിക്കുന്നവൻ
അന്ധവിശ്വാസി!


Wednesday, November 13, 2013

ചിയേർസ്! (200)

പാനപാത്രം നിറക്കൂ നീ , സ്നേഹിതാ,
ലഹരി മോന്തി പറക്കാം നമുക്കിനി.
സഹന സാഗരം താണ്ടേണ്ടതുണ്ട് നാം,
പുലരി പൂക്കാൻ തുടങ്ങുന്നതിൻ മുൻപേ!

എത്രകാലമായ് ഒന്നിച്ചിതേപോലെ
ചില്ലുപാത്രത്തിൽ പകർന്നു നാം  സൗഹൃദ
ചില്ലമേൽ ഒന്നിച്ചിരുന്നൂയലാ ടി ക്കളിച്ചിട്ട്,
എത്രനാളുണ്ടിനി ബാക്കിയെന്നോർക്കാതെ!


വയ്യ, നാം നമ്മെ തളച്ചിട്ട കുറ്റികൾ
ചിതലുതിന്നാൻ തുടങ്ങിയെന്നാകിലും
മതിലുകെട്ടി പിരിച്ചില്ല ജീവിതം!
കയ്യുയർത്തി മുട്ടിക്കുകീ ചഷകങ്ങൾ!





കതിരിൽ വളം വെക്കുന്നവർ

പറഞ്ഞ് പറഞ്ഞിട്ടവസാനം
വേരിലും കായ്ച്പ്പോൾ,
തല്ലിപ്പഴുപ്പിക്കുന്നതെന്തിനിങ്ങനെ?

കളിവഞ്ചി...

മഴക്കവിതയില്‍,
പുഴയുണ്ട്
പൂവുണ്ട്, പൂമ്പാറ്റയുണ്ട്
കാറ്റത്തിളകുന്ന
കുറുനിരച്ചേലുണ്ട് ,
മഴവില്‍ ചിറകുണ്ട് ,
മായാത്ത മറുകുണ്ട് ,
എന്നിട്ടുമാരും
അറിയാതെ പോയില്ലേ,
മഴച്ചാലിലാരോ
ഒഴുക്കിലുപേക്ഷിച്ച
കടലാസു തോണിയില്‍
കുത്തിക്കുറിച്ചോരപൂര്‍ണ്ണ
കാവ്യങ്ങളെ!
അപൂര്‍വ്വ രാഗങ്ങളെ!


കാലവർഷം.

ഒരു ഇടിമിന്നൽ ചിരിയോടെ
പെയ്തൊഴിയാവുന്നതേയുള്ളൂ,
ഈ മേഘപ്പിണക്കം!!

Monday, November 11, 2013

വാ വിട്ട വാക്ക് !!

കനലിലിട്ട് പഴുപ്പിച്ചടിച്ചുപരത്തീട്ടെന്നെ ആയുധമാക്കി!
കല്ലിലുരച്ചുരച്ചെന്നും മൂർച്ചയേറ്റിയിട്ടിന്ന്,
കൈവിട്ടുപോയപ്പോൾ പ്രാണനു വേണ്ടി യാചിക്കരുത്!!!

Sunday, November 10, 2013

കുട്ടി.

അവള്‍...
'മാനം' കെട്ടാല്‍
പ്രസവിക്കും,
മയില്‍പീലി!!

ചൊട്ടയിലെ ശീലങ്ങള്‍ !

എത്ര തിന്നിട്ടും തീരുന്നില്ലല്ലോ,
നിന്നെ കൊന്ന പാപം!
എത്ര അടിച്ചിട്ടും തെളിയുന്നില്ലല്ലോ,
നീ നടക്കും വഴി!

Wednesday, November 6, 2013

അക്കിത്തിക്കുത്ത്..

എന്റെ ഓർമ്മകളിലേക്കു
ഇടിച്ചിറങുന്ന
ധൂമകേതു,
ഒരു വളപ്പൊട്ടിന്റെ
കടപ്പാടേ നാം തമ്മിലുള്ളൂ!
സത്യം,
ഒളിപ്പിച്ചുവെച്ച മയില്പീലികളിൽ
ഒന്നുപോലും പെറാത്തതു
എന്റെ ഒളിഞുനോട്ടം കൊണ്ടല്ല.
ഒരു മാങാച്ചുനചുംമ്പനം കൊണ്ടു
തീർക്കാവുന്നതേയുള്ളൂ,
നമ്മുടെ പിണക്കം!



മൂത്രപ്പുരകളിൽ രാഷ്ട്രീയം പറയരുത് !

എത്ര നുണകളാണു
പകൽ വെളിച്ചത്തിൽ
നാണം മറക്കാൻ
മൂത്രപ്പുരകളിലേക്കു
ഓടിക്കയറുന്നതു!!
സത്യം ഒരു നനഞ ചിരിയുമായി
കാവലിരിപ്പാണൂ, പുറത്ത് !

സമയം

എന്‍റെ ഹൃദയ ഭിത്തിയിലിരുന്ന് മിടിക്കുന്നുണ്ട്,
നിന്‍റെ പ്രണയ ഘടികാരം!
നിമിഷവേഗത്തില്‍
ശവതാളരാഗത്തില്‍  ,
സമയ ദോഷങ്ങള്‍
കൊട്ടിപ്പാടുന്ന
വ്യര്‍ത്ഥ സഞ്ചാരം!

Tuesday, November 5, 2013

വശീകരണ യന്ത്രം!

കഴുത
കരഞ്ഞു തീര്‍ക്കുന്നത് തന്നെയല്ലേ,
പലരും
പറഞ്ഞും, തിരഞ്ഞും,
ആള്‍ക്കൂട്ടത്തില്‍ ഉരഞ്ഞും
തീര്‍ക്കുന്നത്?

Tuesday, October 29, 2013

വ്രണം

നിന്‍റെ മൗനം..
എന്നെ കളിയാക്കുന്നു!
ഇടക്കെങ്കിലും...
കൂര്‍ത്ത വാക്കു കൊണ്ടെന്നെയൊന്നു
പോറിയെങ്കില്‍,
ശമിക്കാത്ത വ്രണമായത്,
ഉണങ്ങാതെ സൂക്ഷിക്കാമായിരുന്നു!


Monday, October 28, 2013

രോമം!

ജീവിതം
വെറും രോമമാണു!

വെട്ടിയൊതുക്കി വെച്ചാൽ,
പരിഷ്ക്കാരമാണു!
നീട്ടി വളർത്തിവിട്ടാൽ,
വിപ്ലവമാണു!
ജഡപിടിപ്പിച്ചിട്ടാൽ,
തത്വജ്ഞാനമാണു!
വേണ്ടാത്തിടത്തു മുളച്ചാൽ,
മുട്ടൻ തെറിയാണു!

- വടിച്ചു കളഞേക്കാം...
പോട്ട് പുല്ല് !!



(മരിച്ചുപോയ ഒരു ഇഷ്ടകവിയുടെ പ്രയോഗമാണു അവസാന വരി. അതൊരു തെറിയായിരുന്നു എന്നുമാത്രം!)

Tuesday, October 22, 2013

മഷിത്തണ്ടു ഉണങിയപ്പോൾ

ജീവിതം താങ്ങിത്തളര്‍ന്ന
പഥികന്
മാര്‍ഗ്ഗിയാകുക,

കാലവീഥിയില്‍
വേര്‍പ്പണിഞ്ഞുലയും
ദേഹിയെ കാക്കുക ,

കുടലില്‍ അള്ളിപ്പിടിച്ചെരിയും
വിശപ്പിനു
ഭക്ഷണമാകുക,

കണ്ണിന്‍റെ പാതാള ജിഹ്വകളില്‍
കാഴ്ചക്ക്
വെളിച്ചമാകുക...

ഏകാന്തതയുടെ ബധിര കർണ്ണങളിൽ
മുഴങുന്ന
ശബ്ദമാകുക...

മരണത്തിലേക്കുള്ള
തണുത്ത യാത്രയിൽ
ചൂടുള്ള ജീവിതം
പുതപ്പാക്കി മാറ്റുക..

മറക്കുക, പൊറുക്കുക,
തിരിഞൊന്നു നോക്കാതെ,
പിന്നിട്ട വഴികളെ വെറുക്കുക...
മായ്ക്കുക!





Monday, October 21, 2013

പൊള്ളിച്ചത്‌

ഇലയില്‍ പൊതിഞ്ഞ്,
കനലില്‍ ചുട്ട്,
മൂത്ത കള്ളിന്‍റെ നുരയിലും
എരിഞ്ഞു നീറുന്നു..
ഒരു ഓര്‍മ്മ തുണ്ടം!

കായലില്‍ നീന്തിക്കളിക്കുന്നു
നക്ഷത്രങ്ങള്‍ക്കിടയില്‍
ഒറ്റക്കായിപോയ ചന്ദ്രന്‍!

ഒളിക്കാനിടം കാണാതെ
തലതല്ലി ചാവുന്നു
നിഴലുകള്‍...

പാതി വെന്ത ഉറക്കം..
ചവച്ചു ചവച്ചു...
കാത്തിരിക്കേണ്ടതുണ്ട്..

Saturday, October 19, 2013

മാലിന്യം

ഹാ, ഞാനിനിയുമെന്തിനിതും താങ്ങി
നടക്കേണമെന്നു വലിച്ചെറിയുന്നുണ്ടവള്‍,
ഞാന്‍ കൊടുത്ത സ്നേഹം മുഴുവന്‍!

Wednesday, October 16, 2013

അസമ്പന്ധം


കിണ്ടിയിലെ വെള്ളം ഒഴിചു , ഒതുക്കുകല്ലിൽ കാലുരച്ചു കഴുകുമ്പോൾ കിട്ടുണ്ണി നായർ അകത്തേക്ക് കേൾക്കാൻ പകത്തിൽ വിളിചു പറഞു:
'മാധവ്യേ.. ഊണൂ കാലായിചാ വെളമ്പിക്കോ'
അകത്തു നിന്നും അനക്കമൊന്നും ഇല്ല. കിണ്ടിയിലെ ബാക്കി വെള്ളം കൊണ്ടു വായ കുലുക്കുഴിഞു നീട്ടി തുപ്പി. മുറുക്കാൻ ചണ്ടിയും ഉമിനീരും കലർന്നു ഒരു നീണ്ട വര മുറ്റത്തു വിരിഞു.
'ഒരു മണീ അരീല്ല്യ വ്ടെ, ഉച്ചക്കൊന്നും വെചിട്ടില്ല്യാ ട്ടോ'
തറവാട്ടിലേക്കു വരാതെ ആൽത്തറയിൽ സൊറ പറഞിരിക്കായിരുന്നു നല്ലതു എന്നു തോന്നി നായർക്കു , അതു കേട്ടപ്പോൾ...
'ന്നാ കൊറച്ചു കെഴങു പുഴുങാർന്നില്ലെ'
'അതിനു ഇത്തിരി വെറകു കൊണ്ടരാൻ പറഞ്ഞിട്ടു ആ  ചെക്കൻ പിന്നെ ഈ  വഴിക്കു വന്നിട്ടില്ല... തെക്കേപ്പറമ്പിലു പോയി നോക്കാ ച്ചാൽ അവ്ടാകെ മാപ്ലാരു മരം വെട്ടലാ, എപ്പ നോക്ക്യാലും'
ദേഹത്തിട്ടിരുന്ന തോർത്തു മുണ്ടു കൊണ്ടുതന്നെ കക്ഷവും തിണ്ണയും തുടചു ഒരു ആന്തലോടെ നായർ നീണ്ടു നിവർന്നു കിടന്നു. മുഷിഞ മണം അടിചപ്പോൾ തല തിരിചു നോക്കി. കരിമ്പനയടിച ഉടുതുണി കണ്ടപ്പോളേ മുഖം തിരിചു കിടന്നു കൊണ്ടു , പറമ്പിലെ തെങുക്കളിലേക്കു നോക്കി അങനെ കിടന്നു...
'നമ്പൂരി ഇപ്പൊ വരാറില്ലാ ല്ലെ?'
'നി പ്പൊ വരലൊന്നും ണ്ടാവില്ല്യാ'
'ഉം?'
' ചെക്കനെ കൊണ്ടു പുത്യെ കിണ്ടി വാങിപ്പിചു , പുതുശ്ശേരിലു തങ്കമണിടെ അവ്ടെ കൊടുപ്പിച്ചു ന്നൊക്കെ കേട്ടു'
'ഹ്മ്മ്ം'
'ത്ര ദിവസായി പറയണൂ, ന്നെ ഒന്നു തേവർടെ അമ്പലത്തിൽ കൊണ്ടോവാൻ, കേട്ട ഭാവം ല്ല്യ'
' അവ്ടെ പ്പ ന്താ വിശേഷം..?'
'ഉണ്ണീ നംബൂര്യാരു ഒക്കെ തൊഴാൻ വരാണ്ടീരിക്കുവൊ?'
തൊണ്ടയിൽ കഫം തടഞു നായർ ചുമക്കാൻ തുടങി.. പിന്നെ എണീറ്റ് , തോർത്തുമുണ്ടൂ പോലും എടുക്കാതെ പടിയിറങുമ്പോൾ മനസ്സറിഞൊന്നു കാർക്കിച്ചു എങ്കിലും, ഇല്ലിപ്പടി കവച്ചു വെച്ചു പുറത്തു കടന്നു ഇടവഴിയിലെക്കു  നീട്ടി തുപ്പി.
അവനവനോടുള്ള വെറുപ്പു തീർക്കാൻ ചരലിലൂടെ നീട്ടി വെച്ചു നടന്നു.
'കമ്മളെ, തെങേറാനായാ ..' എന്നാരോ 'അശ്ലീലം' വിളിച്ചു പറയുന്ന പോലെ തോന്നി....



ബ്ലാക്ക്‌ വിഡോ

ഒന്നാം പാഠം
============

ഇണചേരാന്‍
ഒരു
ഇര മാത്രമാണ്
നീ

എന്നിട്ടിന്നു
ഓരോ ഇണചേരലിനും ശേഷം
നീയെന്നെ
ഇര തേടാന്‍ വിടുന്നു!!
----------------------------------

രണ്ടാം പാഠം
=====================

ഇണചേരാന്‍
ഒരു
ഇര മാത്രമാണ്
നീ

എന്നിട്ടിന്നും
ഓരോ ഇണചേരലിനും ശേഷം
നീയെന്നെ
ഇരയാക്കി തിന്നുന്നു.

മൂന്നാം കണ്ണ്

ഡെമോക്ലസ്സിന്റെ വാളുപോലെ,
ഓരോ സ്വകാര്യ ഇടങളിലും തൂങിക്കിടപ്പുണ്ട് 
കാമനെ ചുട്ടിട്ടും മതിവരാതെ,
ഇമയൊന്നടക്കാത്തൊരു കണ്ണ് !

കോണിച്ചുവട്ടിലും
കുളിമുറിയിലും
കിടപ്പറയിലും
യാത്രകളിലും...
അശ്ലീല നോട്ടമൊളിപ്പിചു കാത്തിരിപ്പുണ്ടു,
ആയിരക്കണക്കിനു 'ജാലകങളിൽ'
ഉഷ്ണക്കാറ്റു ഊതിനിറക്കും..
മൂന്നാം കണ്ണ് !

Monday, September 23, 2013

വഴികൾ

അകത്തു കയറി നോക്കിയപ്പോളാണു
അറിയുന്നതു,
അകത്തേക്കുള്ള വഴി തന്നെയാണൂ
പുറത്തേക്കും!

ഉറക്കം!!

ഇടക്കിടെ തൊട്ടും
കണ്ണുനീരിറ്റിച്ചും
കാൽക്കൽ കുനിഞിരിപ്പാണൂ
ദാമ്പത്യം!
തലക്കൽ
പകച്ചിരിക്കുന്നു
വാത്സല്ല്യം!
അകത്തളത്തെവിടെയോ
തളർന്നുറഞു പോയ്
തളിരുകൾ!
മാറത്തു വീണൂ
ആർത്തു കരയുന്നു
ബന്ധങൾ!
മാറിനിന്നു കൂട്ടംകൂടി
പിറുപിറുക്കുന്നു
സൗഹൃ്ദം !
വേഗത്തിൽ ചിട്ടയോടോടി നടക്കുന്നു
അയൽപ്പക്കം!
അന്നു മാത്രമാണൂ,
അയാളൂടെ വീട്ടിൽ  കാര്യങൾ  മുറപോലെ സംഭവിക്കുന്നതു!
അതുകൊണ്ട് തന്നെയായിരിക്കും...
'അയാൾ'
ശാന്തമായുറങുന്നതും!!


Sunday, September 8, 2013

ആത്മഗതം ..

മഴവന്നു നിന്നോട് പ്രണയം പറഞ്ഞപ്പോള്‍,
പുഴയായ്‌ നിറഞ്ഞു നീ ഒഴുകിയല്ലേ?
മാമരക്കൊമ്പില്‍ വസന്തം തളിര്‍ത്തപ്പോള്‍ ,
ചാമരം വീശി നീ പാടിയല്ലേ?

മഴവില്ല് പലവര്‍ണ്ണ ചിത്രം വരച്ചപ്പോള്‍ ,
അഴകാര്‍ന്ന പീലി നീ വീശിയല്ലേ?
മമരാഗ സൂനങ്ങള്‍ ചിരിതൂകി നിന്നപ്പോള്‍,
സുമരേണു  മധുവില്‍  നീ രമിച്ചുവല്ലേ?

Wednesday, September 4, 2013

കാമ സൂത്രക്കാര്‍ ....

നിന്‍റെ മൗനങ്ങളില്‍
കൂട്ട്കൂടാനാണ്
നിന്‍റെ ചുണ്ടത്തൊരു
ചുംബനം കോര്‍ത്തത്!

നിന്‍റെ സ്വപ്നങ്ങളില്‍
നീറിനില്‍ക്കാനാണ്
ദന്തക്ഷതങ്ങളാല്‍
പ്രണയം കുറിച്ചത്!

നിന്‍റെ ആഴങ്ങളില്‍
വേരുറപ്പിക്കാനാണ്
നിന്നിലേക്കിന്നു ഞാന്‍
തുളച്ചു കേറുന്നത്!

നിന്നിലൂടൊന്നിനി
പുനര്‍ജ്ജനിക്കാനാണ്
നിന്നിലേക്കിന്ന് ഞാന്‍
സ്ഖലിച്ചു തീരുന്നത്!




അവസാനത്തെ അത്താഴം

തീന്മേശ നിറയെ
വിഭവങൾ ഉണ്ടായിരുന്നു!
കുരുക്കിട്ട കഴുത്തു,
മുറിച്ച ഞരമ്പ്,
കുടിക്കാൻ വിഷം!
എന്നിട്ടും,
വിരുന്നുകാരൻ പിണങിപ്പോയി
പാളത്തിൽ ഇരുന്നു!!

തിരി

ശരിയാണു,
ഞാൻ ചെയ്തതെല്ലാം 
തെറ്റായിരുന്നു!

ഇരുട്ടത്തിരുന്നു നിങൾ,
ഹാ അന്ധകാരമേ 
എന്നുറക്കെ പ്രാകിയപ്പോൾ,
ഒറ്റത്തിരി കത്തിചു ഞാൻ,
'വെളിച്ചമേ നയിച്ചാലും' 
എന്നു പ്രാർത്ഥിച്ചു 

നിങളുടെ കുന്തമുനകൾക്ക് 
ലക്ഷ്യം തെളിഞതും 
അപ്പോൾ മാത്രം!

ശരിയാണു,
ഞാൻ ചെയ്തതെല്ലാം 
തെറ്റായിരുന്നു!

?

സ്വർഗ്ഗത്തിലെ കട്ടുറുമ്പ് തന്നെയാകുമോ,
നരകത്തിലെ മുറിമൂക്കൻ???

കാഴ്ച്ചകള്‍

ഉണ്ടാകാനും ഉണ്ടാകാതിരിക്കാനുമുള്ള
സാദ്ധ്യതയില്‍ മനം മടുത്ത്,
തിരമാലകളെ തട്ടിക്കളിച്ചു
കൊടുംകാറ്റ്
സമയം കളയുന്നു!


വഴിയരികിലെ
വേദനച്ചെടികളിലെല്ലാം
കഷ്ടകാലം
പൂത്തു നില്‍ക്കുന്നു!

ഓലക്കുടിലിന്‍റെ
ദാരിദ്ര്യത്തിലൂടെ
സൂര്യന്‍!
ഒളിഞ്ഞു നോക്കുന്നു !

മഴ നിറച്ചിട്ട
ജീവിതക്കുഴികളിലെല്ലാം
മരണം
പെറ്റ്പെരുകുന്നു!

മത്സരപ്പാതയില്‍
ആയുസ്സും തോളിലിട്ട്
മനുഷ്യന്‍
നെട്ടോട്ടമോടുന്നു!

സമയം തെറ്റിപ്പായുന്ന
തീവണ്ടികള്‍
നില്‍ക്കാന്‍ മടിക്കുന്ന  കടവത്ത്
ആള്‍ക്കൂട്ടം
കാത്തു നില്‍ക്കുന്നു!



Friday, August 30, 2013

തിരഞെടുപ്പ്

എല്ലാ തെരുവിലും തെമ്മാടിക്കുഴികൾ ഒരുക്കേണ്ടതുണ്ട്,
അവർക്കു വേണ്ടി!
എല്ലാ മനുഷ്യരും ജിഹാദികൾ ആകേണ്ടതുണ്ട് ,
അവർക്കു വേണ്ടി!
എല്ലാ കൈകളിലും ത്രിശൂലങൾ ഉയരേണ്ടതുണ്ട്,
അവർക്കു വേണ്ടി!

എല്ലാ കൂട്ടത്തിൽനിന്നും തിരഞെടുക്കേണ്ടതുണ്ട്,
അവരെ, നമുക്കു വേണ്ടി!

നിഴൽ

ഹാ,
എന്നെ വെറും
നിഴലെന്നു പുച്ഛിക്കാതെ!
തളരുമ്പോൾ,
തണലും
ഞാൻ തന്നെ!!

Sunday, August 25, 2013

യാത്ര!

വഴികൾ തീരുന്നിടത്ത്
യാത്രകൾ അവസാനിക്കുന്നില്ല!
മടക്കയാത്രയും
യാത്ര തന്നെ!

വഴികാട്ടികളല്ല,
വഴികളാണു പ്രസക്തം എന്നു
തിരിച്ചറിയുന്നതും ..
ആ യാത്രയിൽ തന്നെ!!!



Tuesday, August 20, 2013

ചൂണ്ട

പ്രണയവൃണത്തില്‍ നുരയ്ക്കുന്ന
സ്നേഹം തന്നെയാണ് ,
പുതിയ സൗഹൃദച്ചൂണ്ടയില്‍
ഇരയായ്‌ കോര്‍ക്കുന്നത് !

മാനിഷാദ ....

ഇണക്കിളികളുടെ
പ്രണയത്തേക്കാള്‍
കഠിനമായിരുന്നു ..
കാട്ടാളന്‍റെ വിശപ്പ് !

Thursday, August 1, 2013

തന്തക്ക് പിറക്കാത്ത(വന്‍)) , (വര്‍)

തെളിവില്ലാത്തതിനാല്‍ എല്ലാവരേയും
വെറുതേവിട്ടു!
അവസാനം 
'കുറ്റം' മാത്രം ബാക്കിയായി! 
തന്തക്ക് പിറക്കാത്ത....

Wednesday, July 31, 2013

പൈതൃകം!

ഉമ്മറത്തിണ്ണയിലൊരു  കീറിയ പായ
വടക്കേകോലായിലൊരു നാക്കില ചോറ്.
കിഴക്കേപ്പറമ്പിലൊരു കായ്ക്കാത്ത മാവ്
തെക്കേപ്പറമ്പിലുണ്ടാറടി മണ്ണ് 

അവനവന് പിണ്ഡം വെക്കാനുള്ള 
വായ്ക്കരിയുമായി ഒരു സാഹസിക യാത്രയാണ്
ജീവിതം.
വിശന്നാലും തുറന്നു നോക്കാത്ത പാഥേയം ചുമന്നുള്ള
യാത്ര!


Wednesday, July 24, 2013

കരട്

ഇത്ര വലിയ കണ്ണുകളായത് കൊണ്ടല്ലേ,
ഞാനതില്‍ വഴുതി വീണത്‌?
കണ്ണീരില്‍ നനഞ്ഞതിലല്ല പരിഭവം,
'കരടെ'ന്ന് ഊതിക്കളഞ്ഞില്ലേ ?
സ്നേഹമില്ലാത്തോളേ!

Tuesday, July 23, 2013

അന്യോന്യം

എനിക്കറിയാം..
നിന്‍റെ കണ്ണുകള്‍ എന്നെ നോക്കുകയല്ല,
ഉന്നം വെക്കുകയാണെന്ന്!

എനിക്കറിയാം....
പുറകിലേക്ക് വലിച്ചു നീട്ടുന്ന ഞാണിന്മേല്‍...
ജീവനുള്ള ഒരു കൂരമ്പ്,
ലക്ഷ്യം നോക്കി പിടക്കുകയാണെന്ന്!

എനിക്കറിയാം...
ഒരു നനഞ്ഞ ചിരിതട്ടി
ഇമയൊന്നടഞ്ഞാല്‍
വിരല്‍വിടര്‍ത്തി സ്വതന്ത്രമാക്കുന്ന
വേദനയുടെ മൂര്‍ച്ചയെന്തെന്നു!

എനിക്കറിയാം....
നമുക്കിടയിലെ ദൂരം കുറച്ചത്
നീയല്ല,
ഞാനാണ് ...എന്ന്...
ഇന്നതുമാത്രമാണ് എന്‍റെ
സങ്കടം!



കിന്നാരം

കരിയിലയോട് വെയില് പറഞ്ഞു...
സാരല്ല്യാട്ടോ!

തളിരിലയോട് കാറ്റ്‌ പറഞ്ഞു...
നേരല്ല്യാട്ടോ!

കിളിമകളോടു ചില്ല പറഞ്ഞു...
സ്ഥലല്ല്യാട്ടോ!

വേരുകളോട് വെള്ളം പറഞ്ഞു...
തരില്ല്യാട്ടോ!


Thursday, July 18, 2013

വിധിവൈപരീത്യം...

ഒരേ പാത്രത്തില്‍ ഉണ്ണുന്നവര്‍
എന്നിട്ടും,
ഒന്നിച്ചൊരിക്കലും ഉണ്ണാത്തവര്‍
നമ്മള്‍!!

ഒരേ പായയില്‍  ഉറങ്ങുന്നവര്‍
എങ്കിലും,
ഒന്നിച്ചൊരിക്കലും ഉറങ്ങാത്തവര്‍
നമ്മള്‍!!


Sunday, July 14, 2013

കൈപ്പ്

നീ ചവച്ചു തുപ്പിയ ചവര്‍പ്പ്
കണ്ണീരു കുടിച്ചപ്പോള്‍
മധുരിക്കാന്‍ തുടങ്ങി!

ചാരം മൂടിയ കണ്ണുകള്‍ക്കടിയില്‍
കാളുന്ന കനല് തെളിയുന്നു...

നാക്കും വാക്കും മുറിവേല്‍പ്പിച്ചിടത്തൊക്കെ
ചുണ്ടുരഞ്ഞു കുളിര്കോരുന്നു...

ഓരോ രോമകൂപങ്ങളിലും
പ്രണയം പനിച്ചു തുള്ളുന്നു..

എന്ത് സ്വാദായിരിക്കും നിന്‍റെ
സ്നേഹത്തിന് എന്ന്...
രസമുകുളങ്ങള്‍ ഉറവപൊട്ടിക്കുന്നു....

അവസാനം....
ഒരു പ്രേമലേഖനമെങ്കിലും തരാതെ..
പോകല്ലേ..പോകല്ലേ  എന്ന്..
ഈയാമ്പാറ്റകള്‍, തീ തിന്നു ചാവുന്നു!


ഫ്രഞ്ച് കിസ്

ഒരു തുപ്പലംതീനി ചുംബനം 
ചുണ്ടത്ത്‌ വന്നിരിക്കുമ്പോള്‍ 
ഊട്ടണോ?
തെറിപറഞ്ഞാട്ടണോ ??

Monday, July 8, 2013

വേരുറക്കം

നന്മമരത്തിന്‍റെ
തണല് കായാനാണ്
എല്ലാവര്‍ക്കും ഇഷ്ടം!
തിന്മയുടെ കനല് പഴുപ്പിച്ച
പാപക്കനി കൊത്തിനുണയുന്ന
കിളികള്‍ പോലും,
സ്നേഹപ്പച്ച നിറഞ്ഞ ചില്ലകളിലേ..
ചേക്കേറാറുളളു !

എന്നാലും,
എല്ലാ മരച്ചുവട്ടിലും ,
ചുമടുതാങ്ങി പോലെ മുഴച്ചു നില്‍പ്പുണ്ടാകും,
തായ്‌വേരിനോട് പിണങ്ങി വീര്‍ത്ത
ഒരു പെരുംതുണ്ടം!


Saturday, July 6, 2013

കവിത

ഒരു വാക്ക്
മുറിവേല്‍പ്പിക്കുന്നു എന്ന്
അവള്‍!

ഒരു വരിയില്‍
വഴിതെറ്റുന്നു എന്ന്
അവന്‍!

ഒരു ചിന്തയില്‍
ചിതലരിക്കുന്നു എന്ന്
അവര്‍!

ചിതലരിക്കുന്ന ചിന്തയില്‍ നിന്നും
വഴിതെറ്റിവന്ന വരിയിലെ
മൂര്‍ച്ചയുള്ള ആ ഒരു വാക്ക്!

അത് മാത്രമാണ്
എന്‍റെ കവിത.

Friday, July 5, 2013

ബന്ധനം

കൂട്തുറന്നു വിട്ടോട്ടേ?  
എന്ന് നീ,
കൗതുകമൊലിപ്പിച്ചു നിന്നപ്പോഴൊക്കെ,
അരുതരുതെന്നു ഗൗരവമോങ്ങി
നിന്നൂ ഞാന്‍, 
കൂട്ടിലാണെന്നറിയാതെ !!

Thursday, July 4, 2013

കറിവേപ്പില !

സമ്മര്‍ദ്ദത്താല്‍
വെന്തുപോയ വാക്കുകളുടെ
ദുര്‍ഗന്ധമകറ്റാന്‍ മാത്രമാണ്,
നീയെന്നെ വറുത്തിട്ടത്...!

എച്ചിലിലയില്‍
ഞാന്‍ മാത്രം
ബാക്കിയാകുന്നതും
അതുകൊണ്ടുതന്നെ!

Sunday, June 30, 2013

മുറിവ്

ഓര്‍മ്മ തറച്ചിട്ടും ചോര പൊടിയാത്ത മുറിവ്,
മറവി തേച്ച് പഴുക്കാതെ നോക്കണം, പക്ഷെ!

Wednesday, June 26, 2013

കൂടുവിട്ടു കൂടുമാറല്‍.

ജീവിതം വെച്ചുമാറാന്‍ തയ്യാറുള്ളവരില്‍ നിന്ന്
അപേക്ഷ ക്ഷണിക്കുന്നു.

എന്‍റെ ശരീരത്തിലേക്ക് മാത്രമല്ല,
എന്‍റെ ജീവിതത്തിലേക്ക്,
സ്വന്തം ജീവിതത്തിന്‍റെ ആലഭാരങ്ങള്‍
ഒന്നുമില്ലാതെ,
നഗ്നയായി കയറിവരിക..
നിന്‍റെ ജീവിതത്തിലേക്ക്,
ഞാനും.

പുത്തന്‍ ജീവന്‍റെ ലഹരിയില്‍
നമുക്ക് മാറി മാറി വിരുന്നൊരുക്കാം.
എന്‍റെ പഴയ ജീവിതത്തെ നോക്കി ഞാനും
നിന്‍റെ പഴയ ജീവിതത്തെ നോക്കി നീയും..
പാനപാത്രം നിറക്കാം.
എനിക്ക് 'പഴയ' എന്നോട് ചിരിക്കാം
നിനക്ക് നിന്നോടും.

പണ്ട് അയച്ച കത്തുകള്‍ വീണ്ടും
വായിച്ചു നോക്കുന്ന പോലെ,
ഉപേക്ഷിച്ചു പോന്ന ജീവിതത്തിന്‍റെ
ശരി തെറ്റുകള്‍ വെച്ച്
ചതുരംഗം കളിക്കാം.

നിന്നിലേക്ക് ഞാനും
എന്നിലേക്ക് നീയും
കൂടുവിട്ടു കൂടുമാറിക്കഴിഞ്ഞാല്‍....
'നമ്മള്‍ ' അപരിചിതരാകുമോ
എന്നും നോക്കാം!


Friday, June 21, 2013

പ്രാണന്‍

എത്ര പിടിച്ചു വലിച്ചിട്ടും
പോരാന്‍ കൂട്ടാക്കാതെ
ശരീരത്തില്‍ അള്ളിപ്പിടിച്ച്
അലറിക്കരയുന്നു..

ജീവന്‍!

എന്താണാവോ
ഇത്രയ്ക്കു സുഖം,
ഈ മാംസകൂട്ടിനുള്ളില്‍
ഏകാന്തവാസം നോല്‍ക്കാന്‍!


ഇരകള്‍

ചൂണ്ടയിട്ടപ്പോളൊക്കെ
നീ അതില്‍ കൊത്തി,
പക്ഷെ കുരുങ്ങിയില്ല!

കെണിയൊരുക്കിയപ്പോളൊക്കെ
നീ അതില്‍ കയറി,
പക്ഷെ കുടുങ്ങിയില്ല!!

കുഴിയൊരുക്കിയപ്പോളൊക്കെ
നീ അതില്‍ വീണു,
പക്ഷെ മെരുങ്ങിയില്ല!!!

വിഷം തന്നപ്പോളൊക്കെ
നീ അത് കുടിച്ചു,
പക്ഷെ മരിച്ചില്ല!!!!

നീ
ഇപ്പോഴും കാത്തിരിക്കുന്നു,
ഞാന്‍
എന്ന ഇരക്ക് വേണ്ടി!


Thursday, June 20, 2013

അമ്പട ഞാനേ!

സമാധാനത്തിന്‍റെ 
വെള്ളപ്പിറാവിനെ
ആകാശത്തേക്ക് 
പറത്തിവിട്ടിട്ടതിനെ
അമ്പൈത് കൊന്നിട്ടെന്‍റെ 
ഉന്നം തെളിയിച്ചു ഞാന്‍!

അമ്പട ഞാനേ!


Wednesday, June 19, 2013

അപാരം!

രണ്ടു വ്യക്തികള്‍ കൂട്ടിമുട്ടി,
അപകടം!

രണ്ടു ശബ്ദങ്ങള്‍ കൂട്ടിമുട്ടി,
അപസ്വരം !
....
പക്ഷെ,
രണ്ടു വാക്കുകള്‍
കൂട്ടിമുട്ടി .. ഒറ്റ വാക്കായി..
'അപാരം' !


കനല്‍-കെട്ട = കരിക്കട്ട!

നീറിപ്പടര്‍ന്നപ്പോള്‍
കനല്‍ക്കട്ട യെന്നു, നിന്‍
കണ്ണീര്‍  നനച്ചെന്നെ
കരിക്കട്ടയാക്കി , നീ !


നങ്കൂരമില്ലാത്ത കപ്പല്‍.!

ഉമിനീര്‍ ചുംബനം കത്തിച്ചു സ്വാഗതം
മിഴിനീര്‍ ചുംബനം യാത്രാമൊഴി!
പലനാള്‍ കരക്കടുക്കാത്തൊരാ കപ്പലില്‍
അലയുന്ന നാവികന്‍ അണിയുന്ന സാന്ത്വനം!


Saturday, June 15, 2013

കാണ്മാനില്ല !

പുറപ്പെട്ടുപോയ ജീവിതക്കുഞ്ഞിനെ
തിരക്കിട്ട് തിരികേ വിളിക്കുന്നു,
'നീ പോയതില്‍ പിന്നേ...' ,-യെന്നു
തേങ്ങുന്ന  പത്രപ്പരസ്സ്യം!

സമയത്ത്
പിന്‍വിളി വിളിക്കാത്ത കാരണം,
അസമയത്ത് നിലവിളിയാകുന്നു
സ്നേഹം!



ദാമ്പത്യം !

നമ്മളെ നമ്മള്‍ പരസ്പരം താങ്ങിയും
നമ്മളിലേക്ക് നാം ഒന്നായൊഴുകിയും.
ചെങ്കതിര്‍ പൂക്കുന്ന കണ്‍കളില്‍ നോക്കിയും
പങ്കിട്ടെടുത്തു നാം ജീവന്‍റെ ബാക്കിയും.

ഒറ്റയ്ക്ക് വേനലില്‍ വിങ്ങി വിയര്‍ത്തും,
ഒറ്റയ്ക്ക് വര്‍ഷത്തില്‍ മുങ്ങി  വിറച്ചും,
ഒറ്റയ്ക്ക് തന്നെ നാം താണ്ടുന്നു ജീവിതം
ഒറ്റയ്ക്ക് തന്നെ  തിളക്കുന്നു കാമിതം!



Sunday, June 9, 2013

മരണങ്ങള്‍...

സ്വപ്നത്തില്‍ നിന്നും ചാടി വന്ന
ഒരു സ്നേഹകുഞ്ഞ്
ജീവിതത്തില്‍ പിടഞ്ഞു പിടഞ്ഞു
മരിക്കുന്നു...

ഇതുപോലൊക്കെ തന്നെ നീയും....
ജീവിതത്തില്‍ നിന്നും ചാടി..
സ്വപ്നത്തില്‍ ,
മുങ്ങിമരിച്ചു!

Friday, June 7, 2013

കുതിര്‍ന്ന കത്ത്!

നനഞ്ഞ പകലിന്‍റെ മഴവെള്ള പാച്ചിലില്‍
കളഞ്ഞു കിട്ടി,
തുറന്നു വായിച്ചിട്ടെറിഞ്ഞു കളഞ്ഞ
ഒരു കത്ത്.

കമിഴ്ന്നു വീണെന്നും
വാശിയാണെന്നും
വെള്ളം ഇല്ലെന്നും
ചിട്ടി കിട്ടിയില്ലെന്നും
കമ്മല് വിറ്റെന്നും
പശു പെറ്റെന്നും
പാല് കുറഞെന്നും..



അവസാനം...
എന്തെ മറുപടി ഇല്ലാത്തെ എന്നും....
കുതിര്‍ന്ന വാക്കുകള്‍....


ഞാന്‍.....

പെട്ടന്ന് എനിക്കെന്നെ നഷ്ടമായി.
എവിടെ തിരഞ്ഞിട്ടും കാണുന്നില്ല...
മുടിയിഴകളില്‍ വെളുത്തും,
കണ്‍കളില്‍ ചുവന്നും,
തൊലിപ്പുറത്ത് കറുത്തും,
അവിടവിടെ ചുളിഞ്ഞും..
തളര്‍ന്നും..
കൊഴിഞ്ഞും....
കണ്ണാടിയില്‍ കാണുന്നതാണോ..
ഈ  ഞാന്‍???

പിന്നെയും ..


കണ്ണിനു കരച്ചിലൊരു
കടമമാത്രം!
കണ്ണുനീര്‍ അതിനൊരു
അടവുമാത്രം!

ജീവിതം വറ്റാത്ത 
പാനപാത്രം..
ജീവനോടൂറ്റുന്നു 
ആത്മമിത്രം.

പ്രണയമോ തീരാത്ത
മുറിവ് മാത്രം..
അണയും വിളക്കെന്ന
അറിവ് മാത്രം.

ഒരു നീണ്ട ഇടവേള വേണ്ടേ ,
ഒരു
ചിരിനീട്ടി വീണ്ടും പുണരാന്‍?

Tuesday, June 4, 2013

ത്രിമാനം

സാന്നിദ്ധ്യം കൊണ്ടെന്നെ അവഗണിച്ചു..

കണ്ണുകള്‍ കൊണ്ടു പരിഹസിച്ചു..

വാക്കുകള്‍ കൊണ്ടു മുറിവേല്‍പ്പിച്ചു..

നിന്‍റെ
ത്രിമാന പ്രണയത്തിന്‍റെ
തീവ്രതയില്‍ വെന്തു പോയി,

എന്‍റെ
ആത്മാഭിമാനം !

വെയിലിന്‍റെ കത്ത്.

മഴ ആര്‍ത്തലച്ചു പെയ്യുകയാണ്...
ഇക്കണ്ട മഴക്കവിതകളൊക്കെ വായിച്ചാല്‍
ആര്‍ക്കും തോന്നും ,
അതിരുവിട്ട ആഹ്ലാദം.

പാവം മഴക്കറിയില്ലല്ലോ ,
ഏഴാംനാള്‍ തീരുന്ന ഈ  മഴ പ്രണയം!

ഒന്ന് വിയര്‍ക്കാത്ത രതി..
ഉണങ്ങാത്ത തുണി
നിലക്കാത്ത പനി
നിറയുന്ന വഴി
നനയുന്ന യാത്ര

നോക്കിക്കോ
ഏഴാം നാള്‍ മുതല്‍ ഇവരെന്നെ
സ്നേഹിക്കാന്‍ തുടങ്ങും..
എനിക്കറിയാം ഇവരെ,
നന്നിയില്ലാത്തവര്‍!!!!!
- സസ്നേഹം വെയില്‍.

Saturday, June 1, 2013

പുകവലി

അറ്റത്തെരിയും മരണത്തെ,
വലിച്ചൂതി ചുമക്കുന്നു
കുറ്റിജീവന്‍!

മഞ്ഞ്

മഴ നനഞ്ഞ വെയിലിനിന്നു,
സന്ധ്യ തോരും മുന്‍പേ
മാറാത്ത മഞ്ഞു-ദോഷം...!

സമ്മാനം !

നന്ദി,
സൗഹൃദമേ...
ഇന്നലെ നീ തന്ന
സമ്മാനപ്പൊതി നിറയെ,
ഞാന്‍ മറന്ന വാക്കുകളായിരുന്നു.

ഇനിയെന്‍റെ സ്വീകരണമുറിയിലെ ചില്ലലമാരയില്‍
മൗനം ഒഴിചിട്ടിടത്തൊക്കെ ഞാനിവ പ്രദര്‍ശിപ്പിക്കും..
ഓരോ വിരുന്നിലും നിന്നെ കൊതിപ്പിക്കാന്‍,
ദിവസവും തുടച്ചു മിനുക്കി വെക്കും.


Saturday, May 25, 2013

ആട്ടിന്‍കുട്ടി

സൗഹൃദക്കൂട്ടിലെ  ആട്ടിന്‍കുട്ടിയെ
കഴുത്തറുത്തു കറിവെച്ചിട്ടാണ്
നമ്മളീ അവസാനത്തെ അത്താഴമുണ്ണുന്നത്.
പ്രണയത്തെ ഒറ്റിക്കൊടുത്ത
കശാപ്പുകാരന്‍റെ രക്തമാണ് പാത്രം നിറയെ..

സത്യമാണ്,
എനിക്കീ രക്തത്തില്‍ പങ്കില്ല..!

എന്‍റെയീ സമ്മാനം സ്വീകരിക്കുക..
മുള്‍ക്കിരീടവും,
മരക്കുരിശ്ശും!

മൂന്നാം നാള്‍ ..
നിന്നെ ഞാന്‍ വീണ്ടും കൂട്ടിലാക്കും !!

കാഴ്ചപ്പാടുകള്‍ !

ഞാന്‍ കണ്ടതും ഇഷ്ടപ്പെട്ടതും
നിന്‍റെ
കണ്ണുകളെയാണ്...കാഴ്ചകളെയല്ല.

നമുക്കിടയിലെ ഇഷ്ടക്കേടുകളോ,
നമ്മുടെ
കാഴ്ച്ചപ്പാടുകള്‍ മാത്രം!





Friday, May 24, 2013

Copy Paste!

മഴവില്ലിന്‍ വിത്ത്
നനഞ്ഞേടം കുഴിച്ചിട്ടു!
മുളപൊട്ടി തളിര്‍ത്തത്
മയില്‍പ്പീലി തണ്ട്!!

ഇനിയിത്
IPad ല്‍
UpLoad  ചെയ്ത്
Secret Folder  ല്‍  അടച്ചു വെക്കാം.
താനേ പെറ്റുപെരുകിയില്ലെങ്കില്‍................. ..
Copy, Paste...
Copy, Paste...
Copy Paste...

Thursday, May 23, 2013

നനയുവാന്‍ മോഹിച്ച്....

നീ തൊടുത്ത ശരമെന്തിനിങ്ങനെ
ഹൃദയവാതിലില്‍ മുട്ടി വിളിക്കുന്നു....

നീ കൊടുത്ത വരമല്ലെയെപ്പോഴും
ഹൃദയവാതിലിന്‍ താഴായ്‌ തടുക്കുന്നു...

നമ്മള്‍  പറയാത്ത  വാക്കിന്‍റെ മൂര്‍ച്ചയില്‍
നാമിന്നു രണ്ടായ്‌ മുറിഞ്ഞു വീഴുന്നുവോ??

ഓര്‍ക്കുക നീ പെയ്ത പാതിരാത്രിയില്‍ പോലും
നനയുവാന്‍ മോഹിച്ചു കുട ചൂടിയില്ല ഞാന്‍!!!


Tuesday, May 21, 2013

ദേശാടനക്കിളി കരയുന്നു....

ദേശാടനക്കിളി കരയുന്നു..
തലമുറകള്‍  ചേക്കേറി തളിര്‍ത്ത
ചില്ലകള്‍ കാണാതെ..

ഉപഭോഗികള്‍ വലിച്ചെറിഞ്ഞ
ദഹിക്കാത്ത മാലിന്യം തിന്നു വീര്‍ത്ത...
ദേശാടനക്കിളി കരയുന്നു....

വന്‍കടലും കരയും താണ്ടി തളരാത്ത
ചിറകുകളില്‍ , വിഷം പുകഞ്ഞുനീറി...
ദേശാടനക്കിളി കരയുന്നു....


തണ്ണീര്‍തടങ്ങള്‍ വറ്റി,
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍,
കണ്ണീര്‍തുടങ്ങള്‍ മുറ്റി  !




Sunday, May 19, 2013

തിരസ്കൃതര്‍


ഏതോ സംവിധായകന്‍ നിഷ്കരുണം
വെട്ടിയെറിഞ്ഞു കളഞ്ഞ
ഒരു നരച്ച കാഴ്ച.

ഏതോ പാട്ടുകാരന്‍ പാടാനാകാതെ
സംഗതികള്‍ തുപ്പിക്കളഞ്ഞ
ഒരു ഇടറിയ ശബ്ദം.

ഏതോ അടുക്കളയില്‍ നിന്ന് അടിച്ചിറക്കിയ
രസമുകുളങ്ങള്‍ കൈവിട്ട
ഒരു നുള്ള് രുചി.

ഏതോ കിടപ്പറയിലെ പിണക്കങ്ങളില്‍
വീര്‍പ്പുമുട്ടി മരവിച്ച
ഒരു സ്നേഹ സ്പര്‍ശം.

ഏതോ പൂന്തോട്ടത്തില്‍ നിന്ന് പറിച്ചെറിഞ്ഞ
പൂവില്‍ അനാഥമായ
ഒരു വശ്യ സുഗന്ധം.

ഒത്തുകൂടാന്‍ ഒരിടം കൊടുത്തപ്പോള്‍ ..
ഇവരെല്ലാം
എന്നോട് പറഞ്ഞത്,


ഏതോ കവിയുമായി പിണങ്ങി പിരിഞ്ഞു
ഒറ്റക്കായ
ഒരു പൊട്ടിയ വാക്ക്.....
നന്ദി!





Thursday, May 16, 2013

തബല

മഷികണ്ണ്‍ തേഞ്ഞോരു വൃദ്ധചര്‍മ്മത്തില്‍
വിഷംതീണ്ട വിരലുകള്‍ താളം മറക്കുന്നു.

അര്‍ദ്ധനാരീശ്വര ബന്ധം പിരിച്ചിട്ടും
തേങ്ങുന്നു, തേയുന്നു രണ്ടിടത്തിങ്ങനെ...


(പഘാവജ് എന്ന വാദ്യത്തിൽ നിന്നുമാണു തബല നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഹിന്ദുമത വിശ്വാസപ്രകാരമുള്ള അർദ്ധനാരീശ്വര സങ്കല്പവുമായ് പഘാവജ് ബന്ധപ്പെട്ടിരിക്കുന്നു. ഗണപതിയുടെ വാദ്യമെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഇത് മൃദംഗം പോലെ ഇരുവശങ്ങളിലും തുകലോടുകൂടിയവയായിരുന്നു. അതിനെ രണ്ട് വാദ്യങ്ങളാക്കിയത്രെ തബലയുണ്ടാക്കിയത്. "തോടാ, ഫിർ ഭീ ബോല" (മുറിച്ചിട്ടും പാടി) - അങ്ങനെയത്രെ തബല എന്ന പേരു വന്നത്. പഘാവജിന്റെ പഠനരീതികളാണു തബലക്കും തുടരുന്നത്. :- വിക്കിപീഡിയ)


Wednesday, May 15, 2013

നീ

ഞാന്‍
ഒളിച്ചിരിക്കാന്‍
തെളിച്ചിടത്തൊക്കെ
നീ
നിന്‍റെ കണ്ണുകള്‍
അടക്കാതെ കൊണ്ടു വെച്ചു!

ഞാന്‍
തനിച്ചിരിക്കാന്‍
മിനുക്കിവെച്ചിടത്തൊക്കെ
നീ
നിന്‍റെ സുഗന്ധം
അറിയാതെ വിതറിയിട്ടു

ഞാന്‍
മിണ്ടാതിരിക്കാന്‍
കണ്ടു വെച്ചിടത്തൊക്കെ
നീ

നിന്‍റെ വാക്കുകള്‍
മറക്കാതെ കുരുക്കിയിട്ടു...




കണി

കാലത്ത്‌ നേരത്തെ എഴുന്നേറ്റു വന്നപ്പോള്‍
ഉമ്മറത്തിണ്ണയില്‍ കാലാട്ടി  കാത്തിരിക്കുന്നു
ഒരു 'ചോദ്യം'

പുറത്തേക്കു വരണ്ട, ഇന്നത്തെ കണി ശരിയല്ല
എന്നുറക്കെ അകത്തേക്ക് വിളിച്ചു പറഞ്ഞു....

ഇപ്പോഴും കാത്തിരിപ്പാണ് ചോദ്യം,
അകത്തു മൂടിപ്പിടിച്ചുറക്കമാണ് ..
ഉത്തരം.

ജീവിതം

പകപുകഞ്ഞു കറുത്ത ഹൃദയ ഭിത്തികളില്‍
നഖംകൊണ്ടു ആരോ പോറിയിട്ടിരിക്കുന്നു...
'സ്നേഹം'

രക്തമുറഞ്ഞു ഉണങ്ങിപ്പോയ ധമനികളില്‍,
കാട്ടുതീ പടര്‍ന്നുയര്‍ന്നു ചാമ്പലാക്കുന്നു...
'പ്രണയം'

നീരുവറ്റി ചുളുങ്ങിയ ജീവ പേശികളില്‍
നരച്ച തലയിട്ടടിച്ചു ആര്‍ത്തു കരയുന്നു..
'കാമം'

വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു കെട്ടി
ദിവസേന പലര്‍ക്കായി സമ്മാനിക്കുന്നു..
'ജീവിതം'


Monday, May 13, 2013

ഞാന്‍ അഥവാ നമ്മള്‍ ...

ആള്‍ക്കൂട്ടത്തില്‍ ദരിദ്രനാണെങ്കിലും ,
ഏകാന്തതയില്‍ ധനികനാണ്....
ഞാന്‍!

കണ്ടുമുട്ടുമ്പോള്‍ മൌനികളാണെങ്കിലും,
കാണാദൂരത്ത് വാചാലരാണ് ...
നമ്മള്‍!


Thursday, May 9, 2013

ഞാന്‍ നിന്നെ സ്നേഹിക്കുന്നു ..

വിരസതയിലും 
രസമില്ലേ?

വിജനതയില്‍ 
ജന'മുള്ള പോലെ?
അവിശ്വാസത്തില്‍
വിശ്വാസം ഉള്ളത് പോലെ...
അവിവേകത്തില്‍
വിവേകം പോലെ...

അത് കൊണ്ടാണ് പറഞ്ഞത്..
ഞാന്‍ നിന്നെ സ്നേഹിക്കുന്നു ' എന്ന്..
അതില്‍..
ഞാനുണ്ട്,
നീയുണ്ട്,
സ്നേഹമുണ്ട്.....

വേരുകള്‍.

വരണ്ടുണങ്ങിയ
ഭൂമിയുടെ മുറിവുകളിലൂടെ..
തുറിച്ചുനോക്കുന്നു ,
പ്രാണന്‍ തേടിയലയുന്ന
വേരുകള്‍..........

Tuesday, May 7, 2013

അടയാളങ്ങള്‍

ഓരോ പിണക്കങ്ങളും
മുറിവുകളാണ്.

വൃണം ശമിചാലും
തെളിഞ്ഞു നില്‍ക്കുന്ന
മുറിപ്പാടുകള്‍ ..

ഭാവിയില്‍..
നിന്നെയും , എന്നെയും
വികൃതമാക്കുന്നത്
ഈ വടുക്കളായിരിക്കും .

വൃത്തിയുള്ള ചിന്തകളില്‍ എന്നെ
ഉപേക്ഷിച്ചു പോയിരുന്നെങ്കില്‍,
കറുത്ത രാത്രികളുടെ ഓര്‍മ്മകീറുകളിലൂടെ
നക്ഷത്രക്കണ്ണ്‍ കൊണ്ടെന്നെ നോക്കാതിരുന്നെങ്കില്‍,
എങ്കില്‍, എങ്കില്‍ മാത്രം എനിക്ക് നിന്നെ മറക്കാം...!

Sunday, May 5, 2013

തിരയും തീരവും


പിണങ്ങി പോകുമ്പോളൊക്കെ
തിരിച്ചു വിളിക്കുന്നു..
തിരയെ, തീരം!

Friday, May 3, 2013

...കാരണം..നീ കുട്ടിയാണ്...

എന്നെ തിരഞ്ഞു തളര്‍ന്നു വന്നിരുന്നതാണ് ..
ഈ കല്‍പ്പടവില്‍.. ഞാന്‍!
എന്നിട്ടിപ്പോള്‍, എന്നോടു ഞാന്‍ ചോദിക്കുന്നു...
'ബീഡി ഉണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍?'

പെണ്ണെ, നിന്നെ തിരഞ്ഞു നടന്ന രാത്രിസ്വപ്നങ്ങളില്‍ എല്ലാം
നീ വന്നു ചോദിക്കാറുണ്ട്,
'കുമാരേട്ടാ, ചുണ്ണാമ്പ് തരുമോ?'

കൂട്ടുകാര, നിന്നെത്തിരഞ്ഞു വന്നപ്പോളൊക്കെ
നീ പറഞ്ഞു...
'പോ മോനെ ദിനേശാ'

ചിരിക്കണ്ട....
'നിനക്കൊന്നും അറിയില്ല, കാരണം നീ കുട്ടിയാണ്'

ദൈവത്തിന്‍റെ സ്വന്തം നാട്!

സന്ധ്യക്ക് ആദ്യം കത്തിക്കുന്നത്..
കൊതുകുതിരി..
പിന്നെ,
മെഴുകുതിരി...

ദൈവത്തിന്‍റെ സ്വന്തം നാട് തന്നെ!!!


Wednesday, May 1, 2013

നിങ്ങളോര്‍ക്കുക...

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!

നിങ്ങളവരുടെ കറുത്ത മക്കളെ
കവിതയാക്കീലെ?
നിങ്ങളവരുടെ നനഞ്ഞ കണ്ണുകള്‍
ചിത്രമാക്കീലെ?


നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!


നിങ്ങളവരുടെ കുഴിമാടം
സ്മാരകമാക്കി!
നിങ്ങളവരുടെ കറുത്ത പെണ്ണിനെ
കാരിരുമ്പാക്കി !


നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!

നിങ്ങളവരുടെ കാട്ടുജീവനെ
വിറ്റ് കാശാക്കി!
നിങ്ങളവരുടെ കഥ പറഞ്ഞ്
പേര് നന്നാക്കി!


നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!

വെന്ത മണ്ണിന്‍ വീറുപോലെയിന്നാരുമില്ലല്ലോ?
കുറത്തിയാട്ടത്തറയിലെത്താനാരുമില്ലല്ലോ?
ഉളിയുളുക്കിയകാട്ടുകല്ലിനു മൌനമാണല്ലോ?
കാട്ടുവള്ളിക്കിഴങ്ങു പോലും കിട്ടുന്നില്ലല്ലോ?


നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ
നിങ്ങളായെന്ന്..!

നിങ്ങളറിയണമിന്നവര്‍ക്ക് ഇല്ല വഴിയെന്ന്,
വേറെയില്ല വഴിയെന്ന്!

ഇന്നുമെഴുതാന്‍ ബാക്കി വെച്ചൊരു പച്ച ജീവന്‍റെ
വാക്കെടുക്കുക
കവിതയാക്കുക
കണ്ണടക്കുക്ക..
കരിനാഗതറയില്‍ അവരുടെ തൊലിയടര്‍ന്നു വീഴുമ്പോള്‍....
പേരെടുക്കുക..
പ്രശസ്തരാകുക....






കല്ലുവെച്ച നുണകള്‍...

കല്ലെടുത്ത്
എറിഞ്ഞത് എന്തിനെന്ന്
ചോദിച്ചപ്പോള്‍ നീ  പറഞ്ഞു....
കല്ലുവെച്ച നുണകളായിരുന്നു
നമ്മളിത്രകാലവും പറഞ്ഞിരുന്നതെന്ന്!!

Tuesday, April 16, 2013

ഗ്രീഷ്മം

ഗ്രീഷ്മമേ നീ പണ്ടു കത്തുന്ന പകലിലും
ചൈത്രവര്‍ണ്ണങ്ങളില്‍ തണലായ് തളിര്‍ത്തു...
ഗ്രീഷ്മമേ നീ പണ്ടു കരിയുന്ന മണ്ണിലും
വൈശാഖസന്ധ്യയില്‍ മഴയായ്‌ നമിച്ചു..

ഗ്രീഷ്മമേ നീയിന്നു  , ജീവന്‍റെ വേരുകള്‍
ചുട്ടുതിന്നിട്ടും പശിയൊടുങ്ങാത്തവള്‍
ഗ്രീഷ്മമേ നീയിന്നു  പ്രാണന്‍റെ ഗര്‍ഭത്തില്‍
ഊഷരഭൂദാഹം ഭ്രൂണമായ്‌ പേറുന്നോള്‍.....

(ഞങ്ങള്‍ക്കിന്നു കര്‍ണ്ണികാരം വെച്ച് കണികാണാന്‍...,
ജലനാഡി പൊട്ടിയൊലിച്ച്
അശ്ലീലമായ തെരുവുകള്‍
യന്ത്രങ്ങള്‍ വിശപ്പില്ലാതെ തിന്നു തീര്‍ത്ത..
കുന്നുകള്‍..., കുഴികളായ് ബാക്കി...
ആകാശത്തേക്ക് വിജൃംഭിച്ച സ്വപ്നങ്ങളില്‍
കിടന്നുറങ്ങാന്‍, ഈട്ടി മരത്തില്‍ തീര്‍ത്ത സപ്രമഞ്ജക്കട്ടില്‍...
വിലങ്ങിട്ടു നിര്‍ത്തിയ പുഴകളുടെ പരിഹാസം...
മണല് തിന്നു തടിക്കുന്ന പുത്തന്‍കൂറ്റ്കാര്‍....
വിഷം തിന്നു നീലിച്ച ബാല്യങ്ങള്‍)








Monday, April 8, 2013

രാത്രി.

വാരാന്ത്യശയ്യയില്‍ പുലരാന്‍ മടിക്കുന്ന 
രാത്രിയോടാണെനിക്കേറെയിഷ്ടം..!
അമ്പിളിപൊന്നിതള്‍ വിടരാന്‍ മടിക്കാത്ത
രാത്രിയോടാണെനിക്കേറെയിഷ്ടം..!
ജീവിത യന്ത്രങ്ങള്‍ പുതപ്പിട്ടുറങ്ങുന്ന 
രാത്രിയോടാണെനിക്കേറെയിഷ്ടം..!
സ്വപ്നസഞ്ചാരികള്‍ വഴിതെറ്റിയലയുന്ന
രാത്രിയോടാണെനിക്കേറെയിഷ്ടം..!
ചുടലക്കളത്തിലെ ശിവഭൂതമുറയുന്ന
രാത്രിയോടാണെനിക്കേറെയിഷ്ടം..!
പ്രണയം പനിക്കുമ്പോള്‍ മോഹം വിയര്‍ക്കുന്ന 
രാത്രിയോടാണെനിക്കേറെയിഷ്ടം..!


Sunday, April 7, 2013

പേരുകള്‍

ഒന്ന് സഹായിക്കു, സുഹൃത്തേ..
ഓര്‍മ്മകളില്‍ നിന്ന് ഒരു പേര് മാഞ്ഞുപോയിരിക്കുന്നു..
ചോദിയ്ക്കാന്‍ ഇനി നീയല്ലാതെ ബാക്കി ആരുമില്ല...
നിന്‍റെ പേരാണെങ്കില്‍ ഞാന്‍ മറന്നും പോയി!

Saturday, April 6, 2013

തലവര

ഒരു നേര്‍രേഖയായിരുന്നു ഞാന്‍..
അരികിലതിലും വലിയൊരു വരയായി നീ,
എന്നെ വെറും ഒരു ചെറുവരയാക്കി!
എന്‍റെ തലവര....

Genuine Pain

Fake smile hiding 
Genuine pain.

കള്ളചിരിയില്‍ ഒളിച്ചു വെച്ചു
കള്ളമല്ലാത്തൊരെന്‍ വേദനകള്‍.!

Friday, April 5, 2013

ചോര്‍ച്ച

കണ്ണടച്ച് ഇരുട്ടുണ്ടാക്കി,
ഇരുട്ട് കൊണ്ടു ഓട്ടയടച്ചു...

എന്നിട്ടും ചോരുന്നല്ലോ
എന്‍റെയീ ഓര്‍മ്മക്കുടില്‍!

Thursday, April 4, 2013

പ്രണയം

ഒറ്റത്തള്ളലില്‍ തിരിച്ചറിഞ്ഞോ?
...പ്രണയം വേദനയാണെന്ന്???

Wednesday, April 3, 2013

അവസരം

ചിറകു കീറിപ്പറത്തി കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നു
വരിക, വരിക എന്നൊരു കുയിലിന്‍റെ വിളി ദൂരെ!

അയല്‍ക്കാര്‍..

മുകളിലും താഴെയും അയല്‍ക്കാരായപ്പോള്‍,
നീട്ടിതുപ്പാനൊരു മുറ്റമില്ലാതായി !
വിളവു തിന്നാനൊരു വേലിയില്ലാതായി..

വഴികള്‍..

പുറത്തേക്കുള്ള വഴി' യില്‍ തിക്കും തിരക്കും കാരണം, 
ഞാന്‍, 
അകത്തേക്കുള്ള വഴിയിലൂടെ പുറത്ത് കടന്നു!!!

Thursday, March 28, 2013

ലക്ഷ്മണരേഖ !

ലക്ഷ്മണന്‍ പറഞ്ഞു:

'ഈ രേഖക്ക് അപ്പുറം , അപകടം!'

അപ്പോള്‍ തുടങ്ങിയതാണ് അവള്‍ക്ക്...
പുകച്ചിലും..
എരിച്ചിലും.
പുറത്ത് ചാടാനുള്ള,
കടച്ചിലും!!

Tuesday, March 26, 2013

ദാഹം.

മഴവില്‍ കിനാവിന്‍റെ തീരത്തിരുന്നെത്ര
മിഴിവാര്‍ന്ന ജീവിത ചിത്രം വരച്ചു നാം.
നിലവിളിക്കുന്നുവോ പറയാത്ത വാക്കുകള്‍
പലവഴിക്കെന്നോ മറഞ്ഞ സഹയാത്രികര്‍ !

തിളയ്ക്കുന്ന സൂര്യന്‍റെ താപ കോപത്തിലും
മുളക്കുന്നുവോ ശാപമോഹങ്ങള്‍ ചുറ്റിലും?
വിയര്‍പ്പിറ്റ്‌ വീണേടമാകെ തളിര്‍ത്തിട്ടും
ഉയിര്‍പ്പറ്റ്‌ പാടേ വരണ്ടു വിളര്‍ത്തുവോ?



പ്രിയതര സ്വപ്നമേ, വാടിക്കരിഞ്ഞല്ലോ.

ഒരുനേരമെങ്കിലും പ്രാണനില്‍ പൊടിയുന്ന
ചുടുചോരയിറ്റിച്ചു ദാഹം ശമിക്കാഞ്ഞോ?
തീപിടിച്ചുരുകുമീ ഭൂമിതന്നാത്മാവില്‍ 
ചാരമായലിഞ്ഞുവോ വേരിറക്കങ്ങളും..?

നാം..

വഴികളോടിത്തിമിര്‍ത്തു മുന്നേറി നാം
പഴിപറഞ്ഞും ചതിച്ചും കിതച്ചു നാം..
പലതുമേറെ വെട്ടിപ്പിടിച്ചു നാം
വലവിരിച്ചതില്‍ ഇര പിടിച്ചു നാം..

പകുതിയിലേറെ പടനയിച്ചു നാം
വിശ്രമിക്കാതെ യാത്ര നീട്ടുന്നു നാം
വിശ്വജാലകം കൊട്ടിയടച്ചു നാം
പഴയ സഖാക്കളെ പാടെ മറന്നു നാം

ഇനിയുമില്ലത്രയും ദൂരമെന്നറിയേണമിന്നു  നാം
തനിയെയാകുമീ യാത്രക്കവസാനമോര്‍ക്ക നാം
ചരമവാര്‍ത്തയില്‍ ശവക്കല്ലറ തീര്‍ക്കും നാം
ചരമവാര്‍ഷികം ഓര്‍ക്കാന്‍ മറക്കും നാം.



Tuesday, March 12, 2013

സൗഹൃദം

തോളത്തു കൈയ്യിട്ട് തുടങ്ങിയതാണ്, സുഹൃത്തേ!

പ്രണയത്തിനു കാത്തുനിന്നും, കാവലായും...
ചാരായം പകുത്തും, പങ്കുവെച്ചും..

ചായ കുടിച്ചും, കുടിപ്പിച്ചും..
പുക ചുമച്ചും, ചിരിച്ചും..
പക മറന്നും, മറച്ചും...
ഇണങ്ങിയും പിണങ്ങിയും..
അറിഞ്ഞും, പറഞ്ഞും..
കൊണ്ടും, കൊടുത്തും..
...എത്രകാലം ചവുട്ടി തീര്‍ത്തു നാം...
ഇപ്പോഴും, കൊഴിഞ്ഞിട്ടുമില്ല,
കൊഴിയാത്തവ നരച്ചിട്ടുമില്ല...
ദുര്‍മേദസ്സില്ല, രക്ത സമ്മര്‍ദമില്ല..
പ്രമേഹമില്ല, പ്രശ്നങ്ങളില്ല..

ഊന്നുവടികള്‍ വേണ്ട നമുക്ക്
ഈ നരക്കുന്ന ബാക്കി പാതകള്‍  താണ്ടാന്‍
താങ്ങായ്, തളരാത്ത , തണലൊഴിയാത്ത
ബോധി വൃക്ഷം പോലെ തളിര്‍ത്തു നില്‍ക്കുന്നു...

തോളത്തു കൈയ്യിട്ട് തുടങ്ങിയതാണ്, സുഹൃത്തേ!
തോളത്തു തന്നെ തരിച്ചു വെച്ചേക്കു,
തളര്‍ന്ന ദേഹത്ത്
തളരാത്ത സൗഹൃദം!




Tuesday, February 26, 2013

പ്രണയത്തില്‍ അടയിരിക്കുന്നവര്‍ !

പ്രണയത്തിന്‍റെ പേരില്‍ എനിക്ക് നഷ്ട്ടപ്പെട്ടത്
എന്‍റെ സൌഹൃദങ്ങളാണ്

പഴയ ഇരുമ്പ് പെട്ടിയില്‍,
കളഞ്ഞുപോയത് എന്തോ തിരയുന്ന പോലെ,
എല്ലാം വലിച്ചുവാരിയിട്ട് ചിക്കിചികഞ്ഞിട്ടും
പ്രണയം കണ്ടെത്താനാവാതെ നിരാശരായവര്‍, നമ്മള്‍!

അവസാനം ബാക്കി വന്നത്:-
ഒരുപിടി കുന്നിക്കുരു,
കുറേ വളപ്പൊട്ടുകള്‍,
കരിഞ്ഞുണങ്ങിയ ഒരു തുണ്ടു കൈതോല,
തീ പിടിച്ച അക്ഷരങ്ങളില്‍ വെന്തു പോയ കുറേ കത്തുകള്‍,
അരികു പൊട്ടി, ചരടില്‍ കോര്‍ത്ത്‌ അടുക്കികെട്ടിയ ഒരു ജാതകം.

പനയോലയുടെ ഹൃദയത്തില്‍ നാരായം കോറിയിട്ട,
എന്‍റെ ജീവിത രേഖ!

ഇപ്പോഴും,  കാമം  റാഞ്ചിക്കൊണ്ട് പോയ പ്രണയ  കുഞ്ഞുങ്ങള്‍
കീയോ കീയോ എന്ന് കരഞ്ഞു വിളിക്കുന്നു!!

Wednesday, February 20, 2013

ബീഫ്‌ ഫ്രൈ

കയറില്‍ കോര്‍ത്ത്, ചേര്‍ത്ത് കെട്ടി
കൂട്ടം കൂട്ടമായ്‌ കുലുങ്ങി കുലുങ്ങി
തളര്‍ന്ന്, തകര്‍ന്ന് തണുത്ത നിലത്തേക്ക്
തള്ളിയിടപ്പെട്ട് , കാത്തു നില്‍ക്കുന്നു...

ചുറ്റികത്തല്ല് കൊണ്ടു തല മരവിച്ച്
കണ്ണ് തള്ളി, കരയാനാകാതെ അമറി
ജീവന്‍ പോകണേ എന്ന് കൊമ്പിട്ട് കുതറി,
അറവുവാളിന്‍റെ അനുഗ്രഹം കാത്തു നില്‍ക്കുന്നു...


തലക്കറി കൊതിയന്മാര്‍ക്ക് ഉമിനീര് സ്ഖലിപ്പിച്ചു
ശാന്ത ഗംഭീര ഭാവത്തില്‍
ഒരു തല !
കാലും, കരളും വെവ്വേറെ!
ചോരയില്‍ ചവിട്ടാതെ മൂക്ക് പൊത്തി,
വില പേശുന്ന
ശവം തീനികള്‍.!!!.!

ഉണ്ണികുട്ടന്‍മാര്‍ പൈക്കിടാവിന്‍റെ പിന്നാലെ ഓടുന്നില്ല,
കവറു പാലും കുടിച്ചുറക്കം വരാതെ പകല് മുഴുവന്‍
പരക്കംപാഞ്ഞു,
വരിന്നിന്നു,
പൊതിഞ്ഞു കെട്ടി,

പാതിരാത്രി വെടിവട്ടത്തില്‍ കുടിക്കാന്‍
ബീയര്‍,
തിന്നാന്‍ ബീഫ്‌ ഫ്രൈ!




Monday, February 18, 2013

വേണ്ടെങ്കില്‍ ചക്ക വേരിലും കായ്ക്കും!

മുറ്റത്തെ ചെപ്പിന്നടപ്പില്ല എന്നോര്‍ത്ത്
അമ്പിളിമാമന് സന്തോഷം!
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നു
കൂപമണ്ഡൂകത്തിന്‍ സന്ദേശം!

ഓടില്ല കുതിര, ചാടില്ല കുതിര,
വെള്ളം കണ്ടാലോ നില്‍ക്കില്ല കുതിര!
ചുമരുകള്‍ക്കന്നൊക്കെ കാതു മാത്രം,
ചുമരുകള്‍ക്കുള്ളിലിന്നൊളി കണ്ണ് സൂത്രം!

ഉത്തരത്തില്‍ തൂങ്ങും മാറാല തട്ടുവാന്‍,
കൈയ്യ്  പൊക്കാത്തവര്‍, കക്ഷം വടിച്ചവര്‍!!
ആനയെ പൊക്കുന്ന നിത്യാഭ്യാസിക്ക്
ചേരയെ തിന്നുന്ന നാട്ടിലത്താഴത്തിനു വാല്‍കഷ്ണം.


അധികമായിട്ടും വിഷം തീണ്ടാത്ത പണത്തിനു മീതെ
അമൃത് തിന്നൂറ്റം പെരുത്ത്‌ പറക്കും പരുന്തുകള്‍.
കയ്യൂക്കുള്ളവന്‍റെ കാര്യക്കാരൊക്കെ, കാറ്റുള്ളപ്പോള്‍ തൂറ്റുന്നു!
ചത്ത കുട്ടിയുടെ ജാതകം നോക്കി മലര്‍ന്നു കിടന്നു തുപ്പുന്നു !

പട മോഹിച്ചു പന്തളത്ത് ചെന്നപ്പോ , ആട് കിടന്നിടത്ത് പൂട മാത്രം!

Saturday, February 16, 2013

ചരിത്രം വായിക്കുന്നവര്‍ നമ്മള്‍, പഠിക്കാത്തവരും!

എത്ര സംസ്കാരങ്ങളില്‍ പടയോട്ടമാടി നാം!
എത്ര വേരുകള്‍ മൂടോടെ പിഴുതു നാം !
എത്ര പ്രവാചകരെ കുരിശില്‍ തറച്ചു നാം!
എത്ര ചിന്തകര്‍ക്ക് വിഷം കൊടുത്തു നാം!
എത്ര സത്യങ്ങളെ വെടിവെച്ച് കൊന്നു നാം!
എത്ര ബാല്യങ്ങളില്‍ ബോംബു വര്‍ഷിച്ചു നാം !
എത്ര പോരാളികളുടെ കഴുത്തറുത്ത് നാം!
എത്ര കൃഷിയിടങ്ങളില്‍ വിഷം കലര്‍ത്തി നാം!

എന്നിട്ടും എന്തേ മനുഷ്യര്‍ നമുക്കിന്നു,
ഇത്ര കൃത്യമായെന്നും ഉദിക്കുന്ന സൂര്യന്‍റെ,
മിത്ര കിരണങ്ങള്‍ വഴികാട്ടിയാകാതെ ,
എന്നിട്ടും എന്തേ ഇരുട്ടില്‍ കഴിയുന്നു !



Tuesday, February 12, 2013

നീ ഇല്ലയെങ്കില്‍...

കരിനീല കാന്തമിഴി മുനകളാല്‍ നീ പണ്ട്
ചിരി കോറി രക്തം പൊടിച്ചോരെന്‍ ഹൃദയത്തില്‍
വിരിയുവാനാകാതെ ഇതളൊതുക്കി തേങ്ങി
കരിയുകയാണൊരു പൂക്കാലമിപ്പോഴും !


സങ്കടം പറഞൊന്നുറക്കെ കരഞ്ഞെന്‍റെ
സ്നേഹനിലാവിന്നുറക്കമായി...
ഉള്ളില്‍ കുരുത്തൊരാ ജീവന്‍റെ പൂമൊട്ട്
വസന്തം വരും മുന്‍പേ കരിഞ്ഞും പോയി!

Friday, February 8, 2013

പൂജ്യം!


ഏറ്റവും ആദ്യം അല്ല, ഏറ്റവും അവസാനം ഇരിക്കുമ്പോളാണ്
വില കൂടുക എന്ന് പറയുന്നു...
പൂജ്യം!
ഇടതുപക്ഷത്തിരുന്നു വെറും പൂജ്യം ആയവര്‍ക്ക് സമര്‍പ്പണം!

Sunday, February 3, 2013

എന്‍റെ !

എന്‍റെ ലോകം...
എന്‍റെ രാജ്യം..
എന്‍റെ സംസ്ഥാനം...
എന്‍റെ ഗ്രാമം...
എന്‍റെ വീട്....
എന്‍റെ....
എന്‍റെമാത്രം....

എന്നിട്ടും..
ഞാന്‍..
ഞാന്‍ മാത്രം...!

Wednesday, January 30, 2013

പരാജിതന്‍

പരാജിതന്‍റെ ശവപ്പറമ്പില്‍ പരസ്യം പതിച്ച കല്ലറകളില്ല!
കനലുറങ്ങാതെ പുകഞ്ഞു  നീറും പട്ടടകള്‍ മാത്രം.

Saturday, January 5, 2013

ഭസ്മം!

വരല്ലേ, വരല്ലേ , എന്നെ തൊടല്ലേ തൊടല്ലേ എന്നെത്ര ആളിപ്പടര്‍ന്നിട്ടും..
ചാരമായ്‌തീരനെന്നെപ്പുണര്‍ന്നിട്ടെന്‍റെ നെറ്റിയില്‍ കോറാനൊരു വെറും
ഭസ്മക്കുറിയായ്‌ എരിഞ്ഞടങ്ങിയോരെന്‍ സ്വപ്നമേ....
സ്വീകരിക്കുക എന്‍റെ തിലോദകം, ഭസ്മാസുര ജന്മസാഫല്യം !

Wednesday, January 2, 2013

ഹാ, ഉറക്കമേ...

ഹാ, ഉറക്കമേ...
നാണമില്ലേ നിനക്കിന്നും വരാന്‍ മടിച്ചേറെനേരമായ്‌
ഉമ്മറപ്പടിയില്‍ മുറുക്കി ചുവപ്പിച്ചും,
നാട്ടു പയ്യാരം  മുറ്റത്ത് കാര്‍ക്കിച്ചും,
ഏഷണിക്കോലങ്ങള്‍ തറയില്‍ വരച്ചും,
കുമ്പയില്‍ കുത്തുന്ന കൊതുകിനെ തച്ചും,
കാത്തിരിപ്പിന്‍ തഴപ്പായക്കീറില്‍, ഞാന്‍
കണ്ണടക്കാതെ നേരം പുലര്‍ത്തണോ?


നാട്ടു മാവിന്‍റെ ചില്ലയില്‍ പൂക്കുന്ന
കാറ്റുപോലും തളര്‍ന്നിന്നുറക്കമായ്‌..

വരിക, വന്നെന്‍റെ കണ്ണില്‍ കടിക്ക ,നീ,
തരിക, നീ നിന്‍റെ കൂരിരുള്‍ കംബളം !