Monday, November 21, 2016

മഞ്ഞ

മാഞ്ഞ്പോയ സ്വപ്നങ്ങളാണ്,
മഞ്ഞ പൂക്കളായ് ജനിക്കുന്നത്!
രക്തംകിനിയുന്ന ഓര്‍മ്മകളില്‍ ചെമ്പനീര്‍ പൂക്കുന്ന പോലെ.
രാത്രിയിലൊരു നിശാഗന്ധി, വിളിച്ചുണര്‍ത്തുന്നതു പോലെ.
വഴിയരികിലൊരു നീലക്കുറിഞ്ഞി പൂക്കാന്‍ കാത്തു നില്‍ക്കുന്ന പോലെ...
വാടിയതും, ചൂടിയതും.. പൂജിച്ചതും.... സ്വപ്നങ്ങളായിരുന്നു...
സൂര്യന്‍ മണ്ണിലെഴുതിയ കവിതകളായിരുന്നു!

പ്രണയലേഖനം

വരികൾക്കിടയിൽ നിന്ന് 
പുറത്തെടുത്ത്,
വാക്കുകൾ തുടച്ചു കളഞ്ഞ്,
അക്ഷരങ്ങൾ അഴിച്ചുമാറ്റിയപ്പോഴാണ്
നിന്നെ ഞാൻ തിരിച്ചറിഞ്ഞത്..!
എന്റെ ആദ്യത്തെ പ്രണയലേഖനം,
അവസാനത്തേയും !

സ്നേഹം

നീ
നിലയ്ക്കാത്ത സ്നേഹമായ്
പെയ്യുമ്പോളെനിക്കെന്തു ചെയ്യാനാകും,
തളിർത്തിടത്തൊക്കെ
പൂക്കുവാനല്ലാതെ,
സുഗന്ധം പറത്തി ക്ഷണിക്കുവാനല്ലാതെ,
രാഗരേണുക്കൾ പടർത്തുവാനല്ലാതെ ...
വല്ലാത്തൊരാത്മാനുരാഗത്തിൻ
തേൻ തുള്ളിയിറ്റിച്ചു പൊള്ളിയെങ്കിൽ..
പൊറുത്തു കൊൾക !
വെറുത്തുകൊൾക !

ഇരുട്ടില്‍

കണ്ടാല്‍,
ഓടിയൊളിക്കുന്നത്രയ്ക്ക്
പേടിയാണ്, ഇരുട്ടിനു,
വെളിച്ചത്തെ!
നിശബ്ദതയിലേക്ക്
ഒരുകുഞ്ഞു ശബ്ദം കാലിടറി വീഴുന്നു..
വാക്കുകള്‍
നടക്കാന്‍ പഠിക്കുകയാണ്!
സ്നേഹം ,
അരയില്‍ കെട്ടിപ്പിടിച്ചു ചിണുങ്ങുകയാണ്,
മടങ്ങിപ്പോകാനിറങ്ങുന്ന
വിരുന്നുകാരനോട്!
വഴിയരികില്‍
എല്ലായിടത്തും നോക്കുകുത്തികളാണ്
അന്ധന്റെ,
കണ്ണ് തട്ടാതിരിക്കാന്‍!



:)

ഓര്‍ക്കുവാന്‍ ഇഷ്ടമില്ലെങ്കിലും
ഓര്‍മ്മകള്‍ക്കിടയിലിപ്പോഴും
മറക്കുവാനാകാത്തതെന്തോ
മറഞ്ഞിരിക്കുന്നുണ്ടാകാം , പ്രണയമാകാം...!

Monday, March 21, 2016

സൗഹൃദോദ്യാനം !

ഒട്ടിച്ചിടത്തുനിന്നിടക്കിടെ
പറിച്ചു നോക്കുന്നതിനാലാവം
പശപറ്റിപ്പിടിക്കാതെ നിരന്തരം ഊര്‍ന്നു വീഴുന്നു
ജീവിതം!
മറ്റാരും കാണരുതെന്ന് ,
തൂവാലകെട്ടി മറച്ച മുറിവുകളില്‍
നിണം നനഞൊഴുകുന്നു ,
തൂവലില്‍ തൈലം പുരട്ടിത്തലോടുന്നു ..
സൗഹൃദം !



വരികയീ സായന്തനത്തില്‍
ഒരിക്കല്‍ക്കൂടി, ഒരു ചെറു
പുഞ്ചിരി പൂ വിരിഞ്ഞിട്ടുണ്ട്
എന്റെയീ സൗഹൃത വാടിയില്‍..

കാമമോഹിതം

പ്രണയമാപിനികള്‍ പനിച്ചൂടില്‍ വിയര്‍ക്കുന്ന
മാര്‍ച്ച്‌മാസത്തിന്റെ അവസാന രാത്രികളില്‍..
ഇലകളൊട്ടും പൊഴിക്കാതെ പൂക്കാതെ,
കാമമോഹിതേ കാത്തുനിന്നീടുക..

രാത്രിയില്‍  പരസ്പരം  തിന്നുതീര്‍ക്കണം
വിശപ്പടങ്ങുമ്പോള്‍  വിയര്‍ക്കണം, ചുണ്ടിലെ
പ്രണയദാഹം  ശമിക്കുന്നതിന്‍ മുന്‍പ്
പ്രേമചഷകങ്ങള്‍ പലവട്ടം  നിറയ്ക്കണം..


Wednesday, March 16, 2016

നിഴല്‍

നിശാഗന്ധിക്കും
സൂര്യകാന്തിക്കും
രഹസ്യങ്ങളുണ്ട് ...
അതറിയാവുന്നത് കൊണ്ടാണ്,
സൂര്യനും, ചന്ദ്രനും..
നിഴലിനെ കൊല്ലാനിങ്ങനെ,
തിളച്ചുമറിയുന്നത്!!!

Sunday, February 28, 2016

വീണ്ടും

കണ്ടാല്‍,
ഓടിയൊളിക്കുന്നത്രയ്ക്ക്
പേടിയാണ്, ഇരുട്ടിനു,
വെളിച്ചത്തെ!

നിശബ്ദതയിലേക്ക് 
ഒരുകുഞ്ഞു ശബ്ദം കാലിടറി വീഴുന്നു..
വാക്കുകള്‍ 
നടക്കാന്‍ പഠിക്കുകയാണ്!

സ്നേഹം , 
അരയില്‍ കെട്ടിപ്പിടിച്ചു ചിണുങ്ങുകയാണ്,
മടങ്ങിപ്പോകാനിറങ്ങുന്ന
വിരുന്നുകാരനോട്!

വഴിയരികില്‍ 
എല്ലായിടത്തും നോക്കുകുത്തികളാണ്
അന്ധന്റെ,
കണ്ണ് തട്ടാതിരിക്കാന്‍!

Wednesday, February 17, 2016

കവി, ദാ !

വാക്കുകളെ നിര്‍ദ്ദാക്ഷിണ്യം
നിരാകരിക്കുന്നവനാണ് ,
കവി!
തിരസ്കരിക്കാനാവാതെ
ബാക്കിയാകുന്ന വാക്കുകളാണ്,
കവിത!

Friday, January 15, 2016

ജ്ഞാനം

പൂമരം പൊഴിച്ചിട്ട വസന്തതിലാണ് നാം,
പ്രണയാക്ഷരങ്ങള്‍ എഴുതി പഠിച്ചത്!!
നഗരം ഉപേക്ഷിച്ച ഇടവഴികളിലാണ് നാം..
പ്രണയത്തിന്‍  മുദ്രകള്‍ പങ്കുവെച്ചത്..
വായനശാലയുടെ നിശബ്ദതയിലാണ് നാം,
പ്രണയ വേദന മടക്കി നല്‍കിയത്..
നിന്‍റെ ഹൃദയത്തിലും,
എന്‍റെ ഹൃദയത്തിലും
കോറിയിട്ട വാക്കുകള്‍ മാത്രമാണ് നാം ഇനി
പറയാന്‍ ബാക്കിയുള്ളത്..
പറയാതറിയേണ്ടത്..!

മൗനജാലം !

ചിരിമറന്ന ചുണ്ടുകള്‍ക്ക്
പറയാനുള്ളതാണ്...
കരിയെഴുതിയ കണ്ണുകള്‍
പറയാറുള്ളത്..!

പൂക്കള്‍

തലച്ചോറില്‍  പെയ്യുന്ന  അമ്ലമഴയാണ്...
ഹൃദയത്തിലെ പൂക്കളെ കരിച്ചുകളയുന്നത് !


ചില പാലങ്ങള്‍ മറികടന്നതിനു ശേഷം
കത്തിച്ചു കളഞ്ഞേക്കണം ..
തിരിച്ചു പോകാതിരിക്കാന്‍ മാത്രമല്ല..
ആരും തിരഞ്ഞു വരാതിരിക്കാനും!